വിഴിഞ്ഞം: യുവാവിനെ തടഞ്ഞുനിർത്തി ബൈക്കും മൊബൈൽ ഫോണും തട്ടിയെടുത്തതായി പരാതി. ഒൻപതംഗ സംഘത്തിൽ കാപ്പാ കേസ് പ്രതി ഉൾപ്പെടെ നാലു പേരെ കോവളം പൊലിസ് അറസ്റ്റു ചെയ്തു.
കോവളം കെഐഎസ് റോഡിലെ ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കെഎസ് റോഡ് നിവാസികളായ ജിഷ്ണു മണിക്കുട്ടൻ (21), വിഷ്ണു മണിക്കുട്ടൻ (19), പപ്പൻ (26), ആശ്രയ് (24) എന്നിവരാണ് അറസ്റ്റിലായത്. ജിഷ്ണുവും വിഷ്ണുവും സഹോദരങ്ങളാണ്. മുൻവൈരാഗ്യത്തിന്റെ പേരിൽ കാഞ്ഞിരംകുളം സ്വദേശി അമൽരാജിനെ തടഞ്ഞുനിർത്തി ഇയാളുടെ ബൈക്കും ഫോണും സംഘം കവർന്നതെന്നാണ് പൊലിസ് പറയുന്നത്.
സുഹൃത്തിനെ കാണാനാണ് അമൽ രാജും കാഞ്ഞിരംകുളം ചാണി സ്വദേശി അഭിജിത്തും നെല്ലിമൂട് സ്വദേശി ആദിത്യനും കോവളത്ത് എത്തിയതെന്ന് പറയുന്നു. ഇതിനിടയിൽ അവിടെ എത്തിയ പ്രതികൾ ആക്രമിച്ചതായാണ് അമൽ രാജിന്റെ വാദം. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വാഹനവും ഫോണും കണ്ടെടുത്തതായും പൊലിസ് അറിയിച്ചു.